ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെയും ഭാര്യ ബുഷ്റ ബീബിയേയും ഏകാന്ത തടവിൽ പാർപ്പിക്കരുതെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി. ഇതുസംബന്ധിച്ച് ജയിൽ അധികൃതർക്ക് കോടതി കർശന നിർദേശം നൽകി. ജയിൽ ചട്ടങ്ങൾ പാലിച്ച് ഇമ്രാന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇമ്രാന്റെ സഹോദരി അലീമ ഖാനും ബുഷ്റ ബീബിയുടെ മകൾ മുബഷ്റ ഖാവർ മനേകയും നൽകിയ ഹർജികളിലാണ് വിധി പുറപ്പെടുവിച്ചത്. ജയിൽ ചട്ടങ്ങൾ അനുസരിച്ച് കുടുംബാംഗങ്ങൾക്ക് ഇരുവരെയും സന്ദർശിക്കാൻ അനുമതി നൽകണമെന്നും ഇമ്രാന് വിദേശത്തുള്ള മക്കളുമായി ഫോണിൽ സംസാരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും കോടതി നിർദേശിച്ചു.
ദിവസവും പത്രങ്ങളും പുസ്തകങ്ങളും വായിക്കാൻ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു. കോടതി നിർദേശങ്ങൾ സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ റാവൽപിണ്ടിയിലെ അഡിയാല ജയിൽ സൂപ്രണ്ടിനോടും ഹൈക്കോടതി ആവശ്യപ്പെട്ടു. അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2023 ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻ ഖാൻ കഴിയുന്നത്.
ബുഷ്റ ബീബിയും ഇതേ ജയിൽ സമുച്ചയത്തിലാണ് തടവിൽ കഴിയുന്നത്. അതേസമയം ഇമ്രാൻ ഖാനെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് ആരോപിക്കുന്നത്.